- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിദ്യാർത്ഥികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതി; തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ബന്ധം'; ഇരവാദം മുഴക്കി അലനും സംഘവും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എസ്എഫ്ഐ
കണ്ണൂർ: ഒന്നാം വർഷ വിദ്യർത്ഥിയായ അഭിൻ സുബിനെ അലൻ ഷുഹൈബും ബദ്റുദ്ദീൻ എന്ന വിദ്യാർത്ഥിയും ചേർന്ന് അകാരണമായി മർദ്ദിച്ചെന്ന് എസ്എഫ്ഐ. വിദ്യാർത്ഥി പരുക്കേറ്റ് കണ്ണൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ആയിട്ട് ഇവർക്ക് ബന്ധമുണ്ടെന്നും എസ്എഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് സഞ്ജീവ് ആരോപിച്ചു
'എസ്എഫ്ഐയിലേക്ക് പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികളെ അക്രമിച്ച് കീഴ്പ്പെടുത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ച് വരുന്നത്. ശേഷം എസ്എഫ്ഐ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് ഒരു ഇരവാദം മുഴക്കി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. അലൻ ഷുഹൈബ് ഏതെങ്കിലും സംഘടനയുടെ ഭാഗമാണെന്ന് തോന്നുന്നില്ല.
എന്നാൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി ചേർന്ന് നിന്ന് അവർ സംഘടിപ്പിക്കുന്ന പരിപാടികളിലും അയാൾ പങ്കെടുക്കാറുണ്ട്. പിഎഫ്ഐ നിരോധിക്കപ്പെട്ടപ്പോൾ അതിനെതിരെയുള്ള പരിപാടിയിൽ പങ്കെടുത്തതായി കണ്ടു, സഞ്ജീവ് പറഞ്ഞു.
എഐഎസ്എഫ്, എബിവിപി, കെഎസ്‌യു എന്നീ സംഘടനകളെല്ലാം ഒരുമിച്ച് കൂടി ഒരു മഴവിൽ സഖ്യം എസ്എഫ്ഐക്കെതിരെ രൂപീകരിച്ചിരിക്കുകയാണെന്ന് സഞ്ജീവ് ആരോപിച്ചു. എസ്എഫ്ഐയെ ഇങ്ങനെ കീഴ്പ്പെടുത്താൻ കഴിയുമോ എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് കൊണ്ട് അവർക്ക് അതിന് സാധിക്കില്ലെന്നും അത് കാേണ്ടാണ് ഇങ്ങനെ ഇരവാദവുമായി ഇറങ്ങുന്നതെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
അതേസമയം കണ്ണൂർ പാലയാട് ക്യാമ്പസിലെ സംഘർഷത്തിൽ ധർമ്മടം പൊലീസ് കസ്റ്റഡിയിലെടുത്ത അലൻ ഷുഹൈബിനെ വിട്ടയച്ചു. ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഭിൻ സുബിനെ റാഗ് ചെയ്‌തെന്ന പേരിൽ എസ്എഫ്‌ഐയും അലന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുമാണ് സംഘർഷത്തിലേർപ്പെട്ടത്.
തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദറുവിനെയും അഞ്ചാം വർഷ വിദ്യാർത്ഥി നിഷാദ് ഊരാതൊടിയെയും എസ്എഫ്‌ഐ മർദ്ദിച്ചെന്നും അലൻ ആരോപിച്ചു.അഭിനെ അലനും സംഘവും റാഗ് ചെയ്‌തെന്നും എസ്എഫ്‌ഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും യൂണിറ്റ് സെക്രട്ടറി പറഞ്ഞു. ബുധനാഴ്ച രാവിലെ മുതൽ പാലയാട് കാമ്പസിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.




