തിരുവനന്തപുരം:വി സി നിയമന വിഷയത്തിൽ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരണവുമായി എത്തിയതിന് പിന്നാലെ കേരള സർവ്വകലാശാലാ കവാടത്തിന് മുന്നിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം.കേരളത്തിലെ സർവ്വകലാശാലകൾ ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ട് എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് പറഞ്ഞു.

അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്എഫ്‌ഐ തയ്യാറാകുമെന്ന് ഗോകുൽ പറഞ്ഞു.ഒരു സർവകലാശാലയിലും പുതിയ വിസിമാരെ ചുമതലയേൽക്കാൻ എസ്.എഫ്.ഐ അനുവദിക്കില്ല.അത്തരത്തിൽ വരുന്ന ഒരാളെയും അകത്തേക്ക് കടത്തിവിടില്ല.വിസിക്കായുള്ള സേർച്ച് കമ്മറ്റിയിൽ ആർഎസ്എസിന് താത്പര്യമുള്ളവരെ തിരുകി കയറ്റാൻ ഗവർണർ ശ്രമിക്കുകയാണ്.ആരിഫ് മുഹമ്മദ് ഖാന്റെ അടുക്കളയിൽ വേവിച്ച വിസിമാരെ സർവ്വകലാശാലയിലേക്ക് പറഞ്ഞു വിട്ടാൽ എന്താണ് സംഭവിക്കുകയെന്നത് കാത്തിരുന്നു കണ്ടോളൂവെന്നും ഗവർണറെ വഴിയിൽ തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്നുമായിരുന്നു എസ്എഫ്‌ഐ നേതാവിന്റെ മുന്നറിയിപ്പ്.

ഗവർണർക്കെതിരെ പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവർത്തകർ സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരുന്നു. താത്കാലിക ചുമതല ഏറ്റെടുക്കാൻ ആരോഗ്യ സർവകലാശാല വിസി എത്തിയാൽ തടയുമെന്നാണ് എസ്എഫ്‌ഐ നിലപാട്.