കൊല്ലം:കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം എസ്.എൻ കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷം.വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.

എസ്എഫ്ഐയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് നേതാക്കൾ അറിയിച്ചു.കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് പുറമെ പുറത്തു നിന്നെത്തിയ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കൾ വരെ മർദിച്ചതായി എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിക്കുന്നു.മാരകായുധങ്ങളുമായാണ് ഇവരെത്തിയതെന്നും എ.ഐ.എസ്.എഫ് ആരോപിച്ചു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്യാമ്പസിനുള്ളിൽ എസ്എഫ്‌ഐ പ്രവർത്തകർ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും ആക്രമണത്തിന് പിന്നിലുണ്ടെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.അതേസമയം, പേപിടിച്ച പട്ടിയെ പോലെ എസ്എഫ്ഐക്കാർ വിദ്യാർത്ഥികളെ ആക്രമിക്കുകയാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുൽ രാജ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.