കൊല്ലം: കൊട്ടാരക്കര എസ്.ജി. കോളേജിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഏറ്റുമട്ടി.ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് കെ.എസ്.യു. പ്രവർത്തകർ ആരോപിച്ചു.എന്നാൽ, തങ്ങളുടെ ജാഥയിൽ പങ്കെടുക്കാൻ കുട്ടികളെ വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന്റെ കാരണമെന്നാണ് എസ്.എഫ്.ഐ. യുടെ വിശദീകരണം.

സംഭവത്തെക്കുറിച്ച് കെ.എസ്.യു പ്രവർത്തകർ പറയുന്നത് ഇങ്ങനെ-ഒന്നാം വർഷ വിദ്യാർത്ഥികളെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തത് കെ.എസ്.യു. യൂണിറ്റ് ഭാരവാഹികൾ ചോദ്യംചെയ്തിരുന്നു.ഇതിനെത്തുടർന്ന് എസ്.എഫ്.ഐ. പ്രവർത്തകർ സംഘം ചേർന്ന് തങ്ങളുടെ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചവിട്ടുകയും ചെയ്‌തെന്നും അവർ ആരോപിക്കുന്നു.

എന്നാൽ, കോളേജിൽ തിങ്കളാഴ്ച നടന്ന ജാഥയുമായി ബന്ധപ്പെട്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ ക്ലാസുകളിൽനിന്ന് ഇറക്കാൻ ശ്രമിച്ചത് കെ.എസ്.യു.പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എസ്.എഫ്.ഐ..യുടെ വാദം.കോളേജിൽ ആർക്ക് നേരെയും റാഗിങ് നടന്നിട്ടില്ലെന്നും ഇവർ പറയുന്നു.

പരിക്കേറ്റ ഒരു പെൺകുട്ടിയടക്കം മൂന്ന് വിദ്യാർത്ഥികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.