പത്തനംതിട്ട:ക്രിസ്മസ് അവധി കൂടി അടുക്കുന്നതോടെ ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിക്കുന്നു.ഇന്ന് ഉച്ചവരെ 60000 ആളുകൾ ദർശനം നടത്തിയെന്നാണ് പുറത്തുവന്നിരിക്കുന്ന കണക്ക്.വെർച്വൽ ക്യൂ വഴി 93600 പേരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. നാളെ ദർശനത്തിനായി ഇതുവരെ 1,04200 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.വാരാന്ത്യ ദിനങ്ങളിലേക്ക് കടക്കുമ്പോൾ തിരക്ക് കൂടാനാണ് സാധ്യത.ഇത് കണക്കിലെടുത്ത് പൊലീസ് സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഡിസംബർ പന്ത്രണ്ടാം തീയതി ദർശനത്തിനായി ഒരു ലക്ഷത്തിലേറെ പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.ക്രിസ്മസ് അവധി കൂടി വരുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.ഈ വർഷത്തെ ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയിരുന്നു.മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് ഇടത്താവളങ്ങളിൽ ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേ സമയം ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി വ്യക്തമാക്കി.സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല.ഇക്കാര്യം ദേവസ്വം ബോർഡ് ഉറപ്പു വരുത്തണം.നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ടുകൊണ്ടാണ് കേസ് എടുത്തത്.