- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; ഇതിന് വേണ്ടിയാണോ അധിക ചാർജ്ജ് വാങ്ങുന്നത്; ശബരിമല തീർത്ഥാടന കാലത്തെ കെ.എസ്.ആർ.ടി സി സർവ്വീസുകളിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ
പത്തനംതിട്ട:തീർത്ഥാടനകാലത്തുള്ള ശബരിമലയിലെ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ.ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.ശബരിമല സർവീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂർത്തിയായ പഴയ ബസുകളാണെന്ന പരാതിയുണ്ടെന്നും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസി അധിക ചാർജ് വാങ്ങുമ്പോൾ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാകണമെന്നും മന്ത്രി വിമർശിച്ചു.എന്നാൽ ജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന ആരോപണം ശരിയല്ലെന്നായിരുന്നു കെഎസ്ആർടിസി വിശദീകരണം.എല്ലാ വർഷവും പുതിയ ബസുകൾ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകൾ കിട്ടിയില്ലെന്നുമായിരുന്നു കെഎസ്ആർടിസി ഉന്നതഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കിയത്.
പാർക്കിങ് കരാറുകാർ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന് പത്തനംതിട്ട കളക്ടർ വിമർശിച്ചു.തിരക്ക നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ബുക്കിങ് വീണ്ടും പരിമിതപ്പെടുത്തണമെന്ന് പൊലീസ് മേധാവികൾ യോഗത്തിൽ ആവശ്യപ്പെട്ടു.ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാംപടിയുടെ നിയന്ത്രണം ആവശ്യമെങ്കിൽ ദേവസ്വം ബോർഡ് ഏറ്റെടുത്തുകൊള്ളാൻ എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. പരിചയക്കുറവുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എന്നാൽ താനിത് തമാശയായി പറഞ്ഞതാണെന്ന് എഡിജിപി പിന്നീട് വിശദീകരിക്കുകയും ചെയ്തു.
ദർശന സമയം ഇനിയും വർധിപ്പിക്കാനാകില്ലെന്ന് യോഗത്തിൽ ദേവസ്വം ബോർഡ് വ്യക്തമാക്കി.ശബരിമലയിലെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നില്ല. മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നത് പിടിപ്പുകേടാണോ എന്ന് പരിശോധിക്കണം.ദീർഘകാലം ശബരിമല ഡ്യൂട്ടി നോക്കിയ ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയിൽ നിയോഗിക്കണം.സന്നിധാനത്തും പമ്പയിലും പൊലീസ് അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും പൂജാ സാധനങ്ങളുമായെത്തുന്ന വാഹനങ്ങൾ പോലും പൊലീസ് തടയുകയാണ്.കുട്ടികൾ,പ്രായമായവർ, അസുഖബാധിതർ എന്നിവർക്ക് പ്രത്യേകം ക്യൂ നിൽക്കാൻ സംവിധാനം ഒരുക്കണമെന്നും ദേവസ്വം ബോർഡ് യോഗത്തിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ