കാഞ്ഞങ്ങാട്: 'ഇതിനേക്കാൾ വലിയൊരു ഈശ്വരാരാധനയുണ്ടോ,ഇവർക്ക് പ്രാർത്ഥിക്കാനാകില്ലെന്നറിയാം ആ ദൗത്യം നിർവ്വഹിക്കുന്ന നിങ്ങൾക്കൊപ്പം എന്റെ പ്രാർത്ഥനയുണ്ട്'. കണ്ഠമിടറിക്കൊണ്ട് ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി ഈ നല്ലവാക്കുകൾ പറയുമ്പോൾ ചുറ്റും നിന്ന അമ്മമാരുടെ കണ്ണ് നിറഞ്ഞു.കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്നേഹവീട്ടിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കിടയിലേക്കു കയറിവന്ന ജയരാമൻ നമ്പൂതിരി അവിടെ ഉണ്ടായിരുന്ന കുട്ടികൾ ഒരോരുത്തരേയും നെറുകിൽ തൊട്ട് അനുഗ്രഹിച്ചു.

അവിടെ ജയരാമൻ നമ്പൂതിരിയെ നേരിൽക്കണ്ട ഒരമ്മയുടെ വാക്കുകൾ മേൽശാന്തിയുടെ കണ്ണ് നിറയിക്കുന്നതായിരുന്നു.'എന്റെ പൊന്നുമോനെ ശബരിമലയിൽ കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ ജന്മത്തിൽ അതു സാധിക്കുമെന്ന് തോന്നുന്നില്ല', എൻഡോസൾഫാൻ ദുരിത ബാധിതനായ തന്റെ മകനെ ചേർത്തു പിടിച്ചുകൊണ്ട് വിതുമ്പി അമ്മ പറഞ്ഞപ്പോൾ 'ഈ കണ്ണീർ അയ്യപ്പൻ കാണാതിരിക്കില്ല 'എന്നായിരുന്നു ആ മകന്റെ തലയിൽ കൈവച്ചനുഗ്രഹിച്ച് അദ്ദേഹം പറഞ്ഞത്.

ദുരിതബാധിതരായ കുട്ടികളെ പരിചരിക്കുന്ന അമ്മമാർക്കും സ്നേഹവീട് പ്രവർത്തകർക്കും മുൻപിൽ കൈകൂപ്പി അദ്ദേഹം പറഞ്ഞത് ഇതിനേക്കാൾ വലിയൊരു ഈശ്വരാരാധനയില്ലെന്നായിരുന്നു.സ്നേഹിക്കാനും സഹായിക്കാനുമുള്ള മനസുകളിൽ ഈശ്വര ചൈതന്യം വർധിക്കും.ജാതിക്കും മതത്തിനുമൊക്കെ എന്തു പ്രസക്തി.ഈ കുട്ടികളെ കാണുമ്പോൾ ഉണ്ടാകുന്ന ഹൃദയ വേദന എത്രത്തോളമെന്ന് പറയാനാകുന്നില്ല.ആരോഗ്യമുള്ള മനസും രോഗമില്ലാത്ത ശരീരവും ലഭിക്കണേയെന്നാണ് എല്ലാവരും ഈശ്വരനോട് പ്രാർത്ഥിക്കുന്നത്. എന്നാൽ ഇവർക്കു പ്രാർത്ഥിക്കാനാകില്ലെന്നും ആ ദൗത്യം നിർവഹിക്കുന്ന നിങ്ങൾക്കൊപ്പം തന്റെ പ്രാർത്ഥനയുമുണ്ടെന്നും ജയരാമൻ നമ്പൂതിരി പറഞ്ഞു.

'ഈശ്വര സ്വരൂപികളേ' എന്നു വിളിച്ചാണ് മേൽശാന്തി ദുരിതബാധിതരെ അനുഗ്രഹിച്ചത്.ഈകുട്ടികളിൽ അഭൗമമായ ചൈതന്യം നിറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈശ്വര സ്വരൂപികളേയെന്നു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടോടെ സ്‌നേഹവീട്ടിലെത്തിയ ജയരാമൻ നമ്പൂതിരിയെ കാണാൻ ജില്ലയുടെ പലഭാഗത്തു നിന്നുള്ള ദുരിത ബാധിതരും അവരുടെ രക്ഷിതാക്കളും എത്തിയിരുന്നു.പലപ്പോഴും അമഅമമാരെ ആശ്വസിപ്പിക്കുന്ന വാക്കുകൾ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠമിടറി. ശബരിമലയിലെത്തിയാൽ ഈ കുട്ടികൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭഗവത്ഗീതയിലേയും ഭാഗവതത്തിലെയും ശ്ലോകങ്ങൾ ഉദ്ധരിച്ചായിരുന്നു മേൽശാന്തിയുടെ ആശ്വാസവാക്കുകൾ. കാഴ്ചയില്ലെങ്കിലും എൻഡോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന മുനീസ അമ്പലത്തറയെ പരിചയപ്പെടുത്തിയപ്പോൾ,ഇതാണ് യഥാർഥ ദൈവികതയെന്നായിരുന്നു മേൽശാന്തി പറഞ്ഞത്.

ആധ്യാത്മിക പ്രഭാഷകനും ജ്യോതിഷ പണ്ഡിതനുമായ വി.വി.മുരളീധരവാര്യരോട് എൻഡോസൾഫാൻ ദുരിത ബാധിതരെ കാണണമെന്ന ആഗ്രഹം പറഞ്ഞതിനെ തുടർന്നായിരുന്നു മേൽശാന്തി സ്‌നേഹവീട്ടിലേക്കെത്തിയത്.എൻഡോസൾഫാൻ സമരപ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണനാണ് സന്ദർശനത്തിനുള്ള വഴിയൊരുക്കിയത്.മോഹനൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ശിവപ്രസാദ് നമ്പൂതിരി, രാഹുൽ എളയാവൂർ, പി.വി. സംഗീത് എന്നിവരും മേൽശാന്തിക്കൊപ്പമുണ്ടായിരുന്നു.