കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുർഗ് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് അറസ്റ്റിലായത്. വാഹനം കേടായെന്ന് ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിലും പിന്നീട് റെയിൽവേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം.

യുവാവ് ഹോസ്ദുർഗ് പൊലീസിനെ വിളിച്ച് താൻ ജഡ്ജ് ആണെന്ന് അറിയിക്കുകയായിരുന്നു. തന്റെ വാഹനം കേടായതുകൊണ്ട് കാഞ്ഞങ്ങാട് നിൽക്കുകയാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ഹോട്ടലിൽ കൊണ്ടുവിട്ടു. പിന്നാലെ താൻ ഭീഷണിയുള്ള ജഡ്ജ് ആണെന്ന് അറിയിച്ചതോടെ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ പോകേണ്ടതുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.

അവിടെ നിന്ന് ട്രെയിൻ ഇല്ലാത്തതിനെ തുടർന്ന് നീലേശ്വരത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞു. ഇതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളോട് ഐഡി കാർഡ് ആവശ്യപ്പെട്ടപ്പോൾ അത് ഉണ്ടായിരുന്നില്ല. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് വ്യാജ ജഡ്ജിയാണെന്ന് അറിഞ്ഞത്. തുടർന്ന് ഇയാൾ താമസിച്ച ഹോട്ടലിൽ എത്തി പൊലീസ് പരിശോധിച്ചപ്പോൾ പണം നൽകിയില്ലെന്ന് അറിഞ്ഞു. സബ് കളക്ടറാണെന്ന് പറഞ്ഞാണ് അവിടെ മുറിയെടുത്തത്. ഇയാൾക്കെതിരെ 9 കേസുകൾ ഉണ്ടെന്ന് ഹോസ്ദുർഗ് പൊലീസ് പറഞ്ഞു.