കോഴിക്കോട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഡി.വൈ.എഫ്.ഐയയിലേക്ക്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ച് സംഘടനയില്‍ അംഗത്വമെടുക്കും. ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഷാനിബും ഇപ്പോള്‍ തിരുവനന്തപുരത്താണ് ഉള്ളത്. യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കും. ഷാനിബിനെ ഡിവൈഎഫ് ഐ ഉചിതമായ ഘടകത്തില്‍ ഉള്‍പ്പെടുത്തും. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാകും ഘടകം നിശ്ചയിക്കുക.

കോണ്‍ഗ്രസുകാരനായി തന്നെ തുടരുക എന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് തെറ്റില്‍നിന്ന് തെറ്റിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ് എന്നുപറഞ്ഞ് തുടരുന്നതുപോലും മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും ഷാനിബ് കുറിച്ചിരുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വി.ഡി. സതീശനും ഷാഫി പറമ്പിലിനുമെതിരെ ഷാനിബ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു. പാര്‍ട്ടി പുറത്താക്കിയെങ്കിലും കോണ്‍ഗ്രസുകാരനായി തുടരുമെന്നായിരുന്നു ഷാനിബിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഷാനിബ്, ഇടത് സ്വതന്ത്രന്‍ പി. സരിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ പിന്മാറി. പിന്നീട് സരിനുവേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.