തിരുവനന്തപുരം:ശശി തരൂരിനിത് രാഷ്ട്രീയ രംഗത്ത് ഏറെ പ്രധാനപ്പെട്ട കാലഘട്ടമാണ.കോൺഗ്രസ് രാഷ്ട്രീയത്തിനകത്ത് മാറ്റത്തിന്റെ ചുവടുവെയ്‌പ്പുകൾ നടത്താനൊരുങ്ങുന്ന തരൂർ അതിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞെത്തിയത് ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ വേദിയിലേക്കാണ്.മേളയിലെ ഇന്നലെ നടന്ന ചലച്ചിത്ര പ്രദർശനം കാണാനാണ് ശശി തരൂർ എംപി യും എത്തിയത്.തുടർന്ന് നടന്ന ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കിയ മ്യൂസിക് ബാൻഡിനൊപ്പം ശശി തരൂരും ചുവട് വച്ചത് മേളയിലെത്തിയ ചലച്ചിത്രാസ്വാദകർക്കും ഹൃദ്യമായ അനുഭവമായി മാറി.

തമിഴ് മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്.സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂരും കൂടുകയായിരുന്നു.

അതേസമയം നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 ചിത്രങ്ങൾ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.നാസി ഭീകരതയെ അതീജീവിച്ച വൃദ്ധന്റെ ജീവിതകഥ പറയുന്ന മൈ നെയ്ബർ അഡോൾഫ് ഇന്ന് പ്രദർശിപ്പിക്കും.5 മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനെത്തുന്നുണ്ട്.ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദർശനവും ഇന്ന്.

അമേരിക്കൻ ചലച്ചിത്രപ്രതിഭ പോൾ ഷ്രെയ്ഡർ ചിത്രങ്ങളുടെ പ്രദർശനത്തിനും മേളയിൽ ഇന്ന് തുടക്കമാകും. 'മിഷിമ: എ ലൈഫ് ഇൻ ഫോർ ചാപ്റ്റേഴ്സ്' എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡർ പാക്കേജിന് തുടക്കമാകുന്നത്.ഏരീസ് പ്ലക്‌സിൽ രാവിലെ രാവിലെ 11.30 നാണ് പ്രദർശനം.തുടർന്ന് കൈരളി തീയറ്ററിൽ മാനസിക പ്രശ്‌നങ്ങളാൽ കലുഷിതമായ ഒരു യുദ്ധഭടന്റെ ജീവിതം പ്രമേയമാക്കിയ ടാക്‌സി ഡ്രൈവർ എന്ന ചിത്രം പ്രദർശിപ്പിക്കും.ഷ്രെയ്ഡരുടെ സിനിമാ ജീവിതത്തിലെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് അഞ്ചു ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഫസ്റ്റ് റീഫോംഡ് ,മാസ്റ്റർ ഗാർഡിനർ ,ദി ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങളും വിവിധ ദിനങ്ങളിൽ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.