- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയിൽ ശശി തരൂരിന്റെ പേരിൽ തർക്കം; തരൂരിന്റെ പരിപാടി പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്ന് ജില്ലാ പ്രസിഡന്റിനെതിരെ പരാതി
കോട്ടയം:സംസ്ഥാന കോൺഗ്രസ്സിൽ ശശി തരൂർ വിഷയം കത്തിക്കയറുമ്പോൾ കോട്ടയത്തെ യൂത്ത് കോൺഗ്രസ്സിന്റെ ജില്ലാ കമ്മിറ്റിയിലും തരൂരിനെ ചൊല്ലി തർക്കം.തരൂർ വിഷയം ചർച്ച ചെയ്യാനായി വിളിച്ച യൂത്ത് കോൺഗ്രസ് കമ്മിറ്റിയിലായിരുന്നു തർക്കം.തരൂരിന്റെ പരിപാടിയെക്കുറിച്ച് പാർട്ടിയെ അറിയിക്കാത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നടപടി തെറ്റെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചു.
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡന്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ലെന്നും ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും വിമർശനം ഉയർന്നു.അനാവശ്യ ചർച്ചകൾ പരിപാടിയുടെ ശോഭ കെടുത്തുമെന്നും വിമർശനമുയർന്നു.ഡിസിസി പ്രസിഡന്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കണമെന്നും കമ്മിറ്റിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു.
ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടക്കാൻ പോകുന്ന യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലാണ് തരൂർ മുഖ്യാതിഥിയാകുക. ഉമ്മൻ ചാണ്ടി അനുകൂലികളാണ് തരൂരിന് വേദിയൊരുക്കുന്നതെന്ന തരത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.സമ്മേളനത്തിന്റെ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനേയും രമേശ് ചെന്നിത്തലയേയും ഒഴിവാക്കിയിരുന്നു.യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വർഗീയ ഫാസിസത്തിനെതിരെ സന്ദേശം നൽകിയാണ് യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.അതേസമയം വിവാദത്തിന് പിന്നാലെ സതീശനെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നിരുന്നു.നേതാക്കളുടെ തീയതി കിട്ടാത്തതുകൊണ്ടാണ് പോസ്റ്ററിൽ ഉൾപെടുത്താത്തതെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിശദീകരണം.പോസ്റ്റർ വിവാദമാക്കേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതൃത്വവും വ്യക്തമാക്കിയിരുന്നു.ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് പരിപാടിക്ക് മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് യോഗത്തിൽ തരൂരിന്റെ വരവിനെ ചൊല്ലിയുണ്ടായ തർക്കം.




