- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യപ്രതിയുടെ ബിനാമിക്ക് കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും; 216 കോടിയുടെ ബി എസ് എൻ എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ ഷീജ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
തിരുവനന്തപുരം : 216 കോടി രൂപയുടെ ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമി ഷീജാകുമാരിയെ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ആറാം അഡീഷണൽ ജില്ലാ ജഡ്ജി കെ.വിഷ്ണു ആണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ അനുവദിച്ചത്. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും നടത്തുന്ന ഷീജാ കുമാരിയെയാണ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. ഓഗസ്റ്റ് 2 ന് കൊല്ലം ജില്ലയിൽ നിന്നാണ് ഷീജ പിടിയിലായത്.
കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം നടത്തിയ പരിശോധനയിൽ ഷീജയുടെ വീട്ടിൽ നിന്നും നിരവധി രേഖകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തിൽ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി.
കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും ഇവർ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ സഹകരണ സംഘ തട്ടിപ്പിൽ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് കോടതി കസ്റ്റഡി നൽകിയത്.
സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പിൽ വ്യക്തമായിരുന്നു. ഇതിൽ 216 കോടിക്ക് മുകളിൽ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് സഹകരണ വകുപ്പിന്റെ വകുപ്പുതല അന്വേഷണത്തിലെ വിലയിരുത്തൽ. 2023 മാർച്ച് 20 ന് ഡയറക്ടർ ബോർഡംഗമായ ആറാം പ്രതി ഡിജിഎം (ഡെപ്യൂട്ടി ജനറൽ മാനേജർ) മൂർത്തിയെ 30 മണിക്കൂർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തിരുവനന്തപുരം പന്ത്രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശാ കോശിയുടേതാണുത്തരവ്. ചോദ്യം ചെയ്യലിനും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തെളിവു ശേഖരണത്തിനും ശേഷം 21 വൈകിട്ട് 5 മണിക്കകം ക്രൈം ബ്രാഞ്ച് പ്രതിയെ തിര്യെ കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടർ ബോർഡ് അംഗവും ബി.എസ്.എൻ.എൽ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന നന്തൻകോട് സ്വദേശി പി.ആർ.മൂർത്തിയെ (63)യാണ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് വിട്ടുനൽകിയത്.
മറ്റു പ്രതികളായ വഞ്ചിയൂർ ഹരിത നഗറിൽ ശ്രീ രമണ വീട്ടിൽ എ.ആർ ഗോപിനാഥൻ നായർ , വഞ്ചിയൂർ ശ്രീകണ്‌ഠേശ്വരം തേങ്ങാപ്പുര ലൈൻ ശിവന്ദനം വീട്ടിൽ എ.ആർ.രാജീവ് കുമാരപുരം അമിതാ ശങ്കർ ലൈൻ പ്രാർത്ഥനയിൽ പ്രസാദ് രാജ് .കെ. വി, കുമാരപുരം ഹൈസ്‌കൂൾ ലെയിൻ സായിപ്രഭയിൽ മനോജ് കൃഷ്ണ, പന്തളം കുരംപാല ഇടയാടി സ്‌കൂളിന് സമീപം കിഴക്കെകര വീട്ടിൽ അനിൽകുമാർ, ഗാന്ധിപുരം ചെറുവള്ളിലെയിൻ ഇന്ദീവരത്തിൽ മിനിമോൾ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു. മുഖ്യപ്രതി എ.ആർ.ഗോപിനാഥിനെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പണാപഹരണത്തിന് അറസ്റ്റിലായ ഡയറക്ടർ ബോർഡംഗം മൂർത്തി കൂട്ടുനിന്നതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 2023 മാർച്ച് 20 നാണ് മൂർത്തിയെ അറസ്റ്റ് ചെയ്തത്.
അംഗങ്ങളുടെ സേവിങ്‌സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് ഗോപിനാഥ് പണം പിൻവലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂർത്തിയുടെ അറിവോടെയായിരുന്നുവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിൽ വ്യക്തമായി. ഗോപിനാഥ് പണം പിൻവലിച്ച് റിയൽ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂർത്തി പലരിൽ നിന്നും സെസൈറ്റിക്കായി നിക്ഷേപങ്ങൾ കാൻവാസ് ചെയ്യുകയും നിർബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്