തിരുവനന്തപുരം: 216 കോടി രൂപയുടെ ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ മുഖ്യപ്രതി ഗോപിനാഥിന്റെ പ്രധാന ബിനാമി ഷീജാകുമാരിയുടെ റിമാന്റ് കോടതി നീട്ടി. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്.

കേന്ദ്ര ബഡ്‌സ് നിയമപ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തതിനാൽ ജില്ലാ കോടതിക്ക് അന്വേഷണ - വിചാരണ അധികാര പരിധി വന്നതിനാലാണ് തുടക്കത്തിലേ കേസ് ജില്ലാ കോടതിയിലെത്തിയത്.

അനവധി വഞ്ചനാ കേസുകളിൽ പലതവണകളായി ചോദ്യം ചെയ്തുള്ള തെളിവു ശേഖരണത്തിനായി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയിരുന്നു. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും തിര്യെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു.

മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും നടത്തുന്ന ഷീജാ കുമാരിയെയാണ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്. ഓഗസ്റ്റ് 2 ന് കൊല്ലം ജില്ലയിൽ നിന്നാണ് ഷീജ പിടിയിലായത്.

കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം നടത്തിയ പരിശോധനയിൽ ഷീജയുടെ വീട്ടിൽ നിന്നും നിരവധി രേഖകൾ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തിൽ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി.

കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാൻസ് കമ്പനിയും നിരവധി സൂപ്പർ മാർക്കറ്റുകളും ഇവർ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളിൽ സഹകരണ സംഘ തട്ടിപ്പിൽ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് കോടതി കസ്റ്റഡി നൽകിയത്.

സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പിൽ വ്യക്തമായിരുന്നു. ഇതിൽ 216 കോടിക്ക് മുകളിൽ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് സഹകരണ വകുപ്പിന്റെ വകുപ്പുതല അന്വേഷണത്തിലെ വിലയിരുത്തൽ.