കോട്ടയം: കൊല്ലം-തേനി ദേശീയപാതയിൽ മാധവൻ പടിക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന് മുണ്ടക്കയത്തിന് പോകുകയായിരുന്ന സ്വകാര്യ ബസും ഷിന്റോ ഓടിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിന്റെ മുൻഭാഗത്ത് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

പരിക്കേറ്റ ഷിന്റോയെ നാട്ടുകാർ ഉടൻതന്നെ വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.