തിരുവനന്തപുരം: ഷിരൂര്‍ രക്ഷാ ദൗത്യത്തില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ചു. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സതേണ്‍, ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡുകളില്‍ നിന്നു മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളം കര്‍ണാടകവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞ 11 ദിവസമായി ഷിരൂരില്‍ പുരോഗമിക്കുന്ന രക്ഷാദൗത്യത്തിന് നാവികസേനയുടെ കൂടുതല്‍ സഹായം അത്യാവശ്യമാണെന്ന് മനസ്സിലാക്കുന്നു. ആര്‍.ഒ.വി(Remotely Operated Vehicle) പോലുള്ള അത്യാധുനിക സംവിധാനങ്ങളും ഷിരൂരിലേക്ക് എത്തിക്കണം, മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ച് പ്രതിരോധ മന്ത്രിക്ക് കത്തയച്ച വിവരം ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മുഖ്യമന്ത്രി കത്തയച്ചു. രാജ്നാഥ് സിങിന് അയച്ച കത്തിന്റെ പകര്‍പ്പും മുഖ്യമന്ത്രി, സിദ്ധരാമയ്യക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.