കൊച്ചി: അഭിഭാഷകരെ മർദ്ദിച്ച സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ട്രെയിനി സബ് ഇൻസ്പെക്ടർ കെ സൈജുവിനെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ഹൈക്കോടതി അഭിഭാഷകനായ സിവി ശ്രീനാഥിനെ ജൂലൈ പതിമൂന്നിനാണ് എസ് ഐ മർദ്ദിച്ചത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി രാത്രി പുറത്തിറങ്ങിയ സമയത്തിരുന്നു മർദ്ദനം. മറ്റൊരു അഭിഭാഷകനായ ശ്രീകാന്തിന് നേരെയും ഇതേ എസ് ഐ മർദ്ദനം അഴിച്ചുവിട്ടു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിഷേധം ഉയർത്തി. കേരള ഹൈക്കോടതി പരാതി പരിഹാര സമിതി അധ്യക്ഷനും ആക്ടിങ് ചീഫ് ജസ്റ്റിസുമായ അലക്‌സാണ്ടർ തോമസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ട്രെയിനി സബ് ഇൻസ്‌പെക്ടർ ആയ സൈജുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുവെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി എ ഷാജി സമിതിയെ അറിയിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ആവശ്യമായ അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിച്ചുവെന്നും ഡിജിപി സമിതിയെ അറിയിച്ചു.