തിരുവനന്തപുരം: ശാസ്ത്ര സത്യങ്ങൾ തുറന്നു പറഞ്ഞതിന് സ്പീക്കർ എ എൻ ഷംസീറിനെ വേട്ടയാടാനുള്ള നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിമാനം, വന്ധ്യതാ ചികിത്സ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവയ്‌ക്കൊക്കെ ശാസ്ത്രീയമായ ചരിത്രമുണ്ട്. ആ ചരിത്രത്തെ നിരസിച്ച് മുന്നോട്ട് പോകുന്ന സമൂഹം അറിവിന്റെ പ്രശ്‌നങ്ങളെ ജിജ്ഞാസയോടെയും തുറന്ന മനസ്സോടെയും തെളിവുകളെ അടിസ്ഥാനമാക്കി മനസ്സിലാക്കാനുള്ള അന്വേഷണത്തോടെയും സമീപിക്കുന്ന മനോഭാവമാണ് ശാസ്ത്രബോധം.

അനുമാനങ്ങളെ ചോദ്യം ചെയ്യാനും തെറ്റിനെ വെല്ലുവിളിക്കാനും പുതിയ തെളിവുകൾ പുറത്തുവരുമ്പോൾ മാറ്റങ്ങളെ സ്വീകരിക്കാനുമുള്ള സന്നദ്ധതയും ഇതിൽ ഉൾപ്പെടുന്നു. ഈ സമീപനം ശാസ്ത്ര പുരോഗതിയുടെ അടിത്തറയാണ്. നമ്മൾ ജീവിക്കുന്ന ലോകത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വവുമാണ്.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകരുടെ കേരളമാണ് ഇത്. ശാസ്ത്ര ബോധത്തിൽ ഊന്നിയാണ് കേരളത്തിന്റെ വളർച്ച. യുവമോർച്ചയുടെ ആരോപണങ്ങൾ അസംബന്ധമാണ്. ശാസ്ത്രീയത വളർത്താനുള്ള പ്രവർത്തനങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.