തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർധസത്യങ്ങൾ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സാങ്കേതിക കാരണം പറഞ്ഞ് കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃതമാണ് ഉച്ചഭക്ഷണ പദ്ധതി. കേന്ദ്രം 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനം തുകയുമാണ് മുടക്കേണ്ടത്. കഴിഞ്ഞ നാല് മാസത്തെ കുടിശിക ഇനത്തിൽ 170.59 കോടി രൂപ കേന്ദ്രം നൽകാനുണ്ട്. ഈ പണം നൽകികഴിഞ്ഞാണ് സംസ്ഥാന വിഹിതമായ 97.89 കോടി രൂപ കേരളം മുടക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം പണം നൽകാത്തതുകൊണ്ടാണെന്ന ആരോപണവുമായി മന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാൽ പിഎം പോഷൻ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നൽകിയിരുന്നെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.