ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ലൈഫ് മിഷൻ കേസിലെ പ്രതിയുമായ എം. ശിവശങ്കറിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രീം കോടതി ഉത്തരവ്. പുതുച്ചേരിയിലെ ജിപ്മെറിൽ മെഡിക്കൽ പരിശോധന നടത്താനാണ് നിർദ്ദേശം. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, ചികിത്സയ്ക്കുമായി ശിവശങ്കറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം കൂടുതൽ കാലത്തേക്ക് അനുവദിക്കണമെങ്കിൽ മെഡിക്കൽ പരിശോധനാ ഫലം അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി ജനുവരി രണ്ടാം വാരം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ഇടക്കാല ജാമ്യം നീട്ടണമെങ്കിൽ വിശ്വാസ യോഗ്യമായ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് അനിവാര്യമാണെന്നും ഇ.ഡി. സുപ്രീം കോടതിയിൽ വാദിച്ചു. നിലവിൽ ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും അതിനാൽ കീഴടങ്ങാൻ നിർദേശിക്കണമെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിക്കാൻ വിശ്വാസയോഗ്യമായ ആശുപത്രികളിൽ പരിശാധനയ്ക്ക് വിധേയമാകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മധുരയിലെ എയിംസിൽ പരിശോധനയ്ക്ക് വിധേയനാകണം എന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. എന്നാൽ മധുര എയിംസ് കടലാസിൽ മാത്രം ഒതുങ്ങുന്ന ആശുപത്രിയാണെന്നും അവിടെ പരിശോധന സാധ്യമല്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പുതുച്ചേരിയിലെ ജിപ്മെറിൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകണം എന്ന ഇ.ഡി. യുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായ റിപ്പോർട്ട് ജനുവരി രണ്ടാം വാരം കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിൽ ഹാജരാക്കാൻ ആണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.