കോഴിക്കോട്: മൊബൈൽ ഫോൺ നൽകാത്തതിന്റെ വിരോധത്തിൽ പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമണം .

ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ് കുട്ടി അമ്മയോട് ആദ്യം ആവശ്യപ്പെട്ടത്. റീച്ചാർജ് ചെയ്യില്ലന്ന് പറഞ്ഞപ്പോൾ ഗെയിം കളിക്കാൻ അമ്മയുടെ ഫോൺ ആവശ്യപ്പെട്ടു . ഇതും നിഷേധിച്ചതോടെയാണ് ഉറങ്ങിക്കിടന്ന അമ്മയെ മകൻ കത്തി കൊണ്ട് കുത്തിയത്. പരിക്ക് ഗുരുതരമല്ല.

കുട്ടി നേരത്തെ പഠനം അവസാനിപ്പിച്ചിരുന്നതായും മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്നും സൂചനകൾ ഉണ്ട്. പയ്യോളി പോലീസ് അമ്മയുടെയും കുട്ടിയുടെയും മൊഴിയെടുത്തു .