ലഖ്നൗ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കണമെന്ന അഭ്യർത്ഥനയുമായി സംസ്ഥാന ഘടകം. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടി രാഹുലും പ്രിയങ്കയും ഇവിടെ നിന്ന് ജനവിധി തേടണമെന്നത് ദേശീയ നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും പിസിസി പ്രസിഡന്റ് അജയ് റായ് പറഞ്ഞു,

അതിനിടെ സോണിയാ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോൺഗ്രസ് ഘടകവും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധിക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കും കത്തെഴുതും. നേരത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും തെലങ്കാനയിലെ മേധക്കിൽ നിന്ന് ജനവിധി തേടിയിരുന്നു. സോണിയ ഗാന്ധി മേധക്കിൽ നിന്ന് ജനവിധി തേടാൻ തങ്ങൾ ആഗ്രഹിക്കുന്നതായും കോൺഗ്രസ് നേതൃത്വം അറിയിച്ചു.