കണ്ണൂർ: ഹൈന്ദവാരാധനാമൂർത്തിയായ ഗണപതി മിത്താണെന്ന വിവാദ പ്രസംഗത്തിൽ തന്റെ പ്രതികരണം നേരത്തെ വ്യക്തമാക്കിയതാണെന്നു സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സ്പീക്കർ പറഞ്ഞു.

ഷംസീർ മാപ്പു പറയണമെന്ന ആവശ്യം എൻ. എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവർത്തിച്ചിരിക്കുകയാണല്ലോയെന്ന ചോദ്യത്തിൽ നിന്നും സ്പീക്കർ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. തിരുവനന്തപുരത്തു നിന്നും വിമാനമാർഗം കണ്ണൂരിലെത്തിയതായിരുന്നു സ്പീക്കർ.

നേരത്തെ മിത്ത് വിവാദം അവസാനിപ്പിക്കാൻ സി.പി. എം സംസ്ഥാനസെക്രട്ടറിയേറ്റും തീരുമാനിച്ചു. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണം നേതാക്കൾ നടത്തേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. ഇതേ തുടർന്നാണ് വിവാദ പ്രസംഗം നടത്തിയ സ്പീക്കറും മൗനം പാലിക്കുന്നതെന്നാണ് സൂചന. പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിന്റെ പ്രചരണത്തിനിടെയി വിവാദവിഷയങ്ങൾ ചർച്ചയാക്കാതെ വികസനമുദ്രാവാക്യങ്ങൾ മാത്രം ഉയർത്തിപിടിക്കാനാണ് സി.പി. എം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈന്ദവസംഘടനകളെ പ്രകോപിപ്പിച്ച മിത്ത് വിവാദം തണുത്തുകൊണ്ടിരിക്കെ വീണ്ടും ചർച്ചയാക്കേണ്ടെന്ന തീരുമാനം സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം എൻ. എസ്. എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ എൽ. ഡി. എഫ് സ്ഥാനാർത്ഥി ജയ്ക്ക് സി. തോമസ് സന്ദർശിക്കുകയും അദ്ദേഹം മതേതര നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നു പുകഴ്‌ത്തുകയും ചെയ്തിരുന്നു.