- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ശല്യം; വെടിവയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍
കാട്ടുപന്നി ശല്യം; വെടിവയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അവയെ വെടിവയ്ക്കാന്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി വനം വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 3ന് ഉന്നതതല യോഗം വിളിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വെടിവയ്ക്കാന്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളില്‍നിന്ന് വിരമിച്ചവര്‍, വിരമിച്ച ജവാന്മാര്‍, റൈഫിള്‍ ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ളവര്‍ തുടങ്ങി താല്‍പര്യമുള്ളവരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാനാണ് ആലോചന.
ജനവാസ മേഖലയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കി വനംവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരം. ഈ അധികാരം ഉപയോഗിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.