കൊല്ലം: കാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ച പ്രതികള്‍ കൊല്ലം ചടയമംഗലത്ത് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് പിടിയിലായത്. ആഡംബര ജീവിതത്തിന് പണം കണ്ടെത്തുന്നതിനാണ് പ്രതികള്‍ മോഷണത്തിന് ഇറങ്ങിയത്.

ചിതറ സ്വദേശിയുടെ ആഢംബര കാറില്‍ കറങ്ങി നടന്നായിരുന്നു റബ്ബര്‍ ഷീറ്റ് മോഷണം. മഞ്ഞപ്പാറ സ്വദേശിയായ 18 വയസ്സുള്ള അര്‍ഷിതും ആക്കല്‍ സ്വദേശിയായ 19 വയസ്സുള്ള സാജിദും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമായിരുന്നു സംഘാംഗങ്ങള്‍.

ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായിരുന്നു മോഷണം.കാറില്‍ ആക്കലില്‍ എത്തിയ പ്രതികള്‍ വീട്ടുമുറ്റത്ത് കൂട്ടിയിട്ടിരുന്ന നൂറോളം റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും പ്രതികള്‍ കാറുമായി വേഗം രക്ഷപ്പെട്ടു. എന്നാല്‍ വീട്ടുകാരും അയല്‍ക്കാരും കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞിരുന്നു. വിവരങ്ങള്‍ ചടയമംഗലം പൊലീസിന് കൈമാറി.

പനവേലിയിലെ ഒരു കടയിലാണ് റബര്‍ ഷീറ്റ് വിറ്റത്. തുടര്‍ന്ന് പ്രതികള്‍ സമീപത്തെ സര്‍വീസ് സെന്ററില്‍ കാര്‍ കഴുകാന്‍ ഏല്‍പ്പിച്ചു. ഉടമസ്ഥന്‍ നേരിട്ടെത്തി കാര്‍ എടുക്കുമെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ കടന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതികളെയും കണ്ടെത്തിയത്.

പ്രതികളെ മോഷണ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇവര്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒഴികെ മറ്റ് രണ്ട് പേരെയും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.