കണ്ണൂർ: തൃശൂർ ജില്ലയിലെ ചാവക്കാട് സ്പിരിറ്റു കടത്തുന്നതിനിടെ അറസ്റ്റിലായ ബിജെപി. പ്രവർത്തകനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താ കുറിപ്പിൽ അറിയിച്ചു. ആലക്കോട് മണ്ഡലത്തിലെ കൂനം സ്വദേശി വി.പി. വിപിനിനെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം പുറത്താക്കിയത്.

ഇതിനിട്ടെ തൃശൂരിൽ പിടികൂടിയവൻ സ്പിരിറ്റ് കടത്തിന്റെ വേരുകൾ തേടി എക്സൈസ് അന്വേഷണം കണ്ണൂരിലേക്കുമെത്തിയിരിക്കുകയാണ്. സ്പിരിറ്റ് കടത്തിന് അണിയറയിൽ നിന്നും ചുക്കാൻ പിടിച്ചത് കണ്ണൂരിലെ ബോസാണെന്ന് പ്രതികൾ നൽകിയ മൊഴിയെ തുടർന്നാണ് എക്സൈസ് ഇന്റലിജൻസ് കണ്ണുരിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

1500 ലിറ്റർ സ്പിരിറ്റു കടത്തുന്നതിനിടെ പിടിയിലായ രണ്ട് തളിപ്പറമ്പ് സ്വദേശികളാണ് കണ്ണൂരിലെ ബോസിനെ കുറിച്ചുള്ള വിവരം ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. തൃശൂരിൽ എക്സൈസ് പിടിയിലായ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശികളായ ലിനീഷ്, നവീൻ എന്നിവർ സ്പിരിറ്റ് കടത്തു സംഘത്തിലെ കണ്ണികൾ മാത്രമാണെന്നാണ് എക്സൈസ് പറയുന്നത്. ഇതിൽ നവീൻ ബിജെപി പ്രവർത്തകനാണെന്ന വിവരം പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്.

എന്നാൽ ഇവരുടെ സ്പരിറ്റുകടത്തുന്നതിന് നേതൃത്വം നൽകുന്ന ബോസാരാണെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്കായി എക്സൈസ് പൊലിസിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നുവരുന്നത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ,എസ്. മധുസൂദനൻ നായർ,പ്രിവന്റീവ് ഓഫീസർ എസ്. ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്,പി.സുബിൻ,എം.എം. അരുൺകുമാർ,ബസന്ത് കുമാർ,രജിത്ത്.ആർ.നായർ,കെ.മുഹമ്മദലി, എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, കെ. രാജീവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.