തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് സൂചന. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12ഓടെ ഊരാംപൊയ്കയിൽ സ്വദേശികളായ അഖിൽ,വിനീത് എന്നിവരാണ് ശ്രീജിത്തിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കുഴഞ്ഞുവീണെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചത്.

ഡോക്ടറുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം ഇവരെ അറിയിക്കാൻ എത്തിയപ്പോഴേയ്ക്കും ഇവർ കടന്നുകളഞ്ഞിരുന്നു.
ഇയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകൾ ഉണ്ട്. മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.