- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈല്‍ ടവറുകള് കേന്ദ്രീകരിച്ച് എര്‍ത്ത് കമ്പി മോഷണം; പ്രതി പിടിയില്‍; കൂട്ടത്തില് രണ്ടു കൗമാരക്കാരും
യൂണിടെക് എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയുടെ കൂടല്‍, അതിരുങ്കല്‍, കാരയ്ക്കാകുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്നാണ് കമ്പി മോഷ്ടിച്ചത്.
കൂടല്‍: സ്വകാര്യകമ്പനിയുടെ മൊബൈല്‍ ടവറുകളിലെ എര്‍ത്ത് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കലഞ്ഞൂര്‍ കൊട്ടന്തറ ഇടിഞ്ഞകുഴി വിജയഭവനം വീട്ടില്‍ നിന്നും ഏനാദിമംഗലം മാരൂര്‍ മാവിള ലക്ഷ്മി ഭവനം വീട്ടില്‍ താമസിക്കുന്ന ശ്രീകാന്ത് (24) ആണ് അറസ്റ്റിലായത്.
യൂണിടെക് എനര്‍ജി സൊല്യൂഷന്‍സ് കമ്പനിയുടെ കൂടല്‍, അതിരുങ്കല്‍, കാരയ്ക്കാകുഴി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്നാണ് കമ്പി മോഷ്ടിച്ചത്. 19175 രൂപയുടെ ചെമ്പ് കേബിളുകളാണ് പ്രതി, രണ്ട് കൗമാരക്കാരുടെ കൂടി സഹായത്തോടെ മോഷ്ടിച്ചത്. കഴിഞ്ഞമാസം രണ്ടിനും 20 നുമിടയിലുള്ള കാലയളവിലാണ് മോഷണം നടന്നത്. സ്ഥാപനത്തില്‍ ടെക്നിഷ്യന്‍ ആയി ജോലി ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ പന്നിയങ്കര പന്തലാമ്പാടം നിയസിന്റെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്തത്.
കേസില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ശ്രീകാന്തിന്റെ പങ്ക് വ്യക്തമായത്. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തു. കുട്ടികളെ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി, പിന്നീട് കൊല്ലത്ത് ഗവണ്മെന്റ് ഒബ്സെര്‍വെഷന്‍ സെന്ററിലേക്ക് മാറ്റി.
മോഷ്ടിച്ച കേബിളുകള്‍ പത്തനാപുരത്തെ ആക്രിക്കടയില്‍ വിറ്റതായി ഇയാള്‍ വെളിപ്പെടുത്തി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കടയുടമയെ വിവരം ധരിപ്പിക്കുകയും, ഇയാള്‍ ഇവ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.ചെമ്പു കേബിളുകള്‍ മാറ്റിയശേഷമുള്ള അലുമിനിയം കവറിങ്ങുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു കൗമാരക്കാരന്റെ വീട്ടില്‍ നിന്നും പിന്നീട് പോലീസ് കണ്ടെടുത്തു.
ആക്രിക്കടയില്‍ വിറ്റപ്പോള്‍ കിട്ടിയ തുക മൂവരും പങ്കിട്ടെടുത്തതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ വേറെ സഹായികള്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
ശ്രീകാന്ത്, കലഞ്ഞൂര്‍
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്