- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ശ്രീകൃഷ്ണജയന്തി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനത്തോടെ അഷ്ടമിരോഹിണി ഉത്സവങ്ങള്‍ക്ക് തുടക്കം; സംസ്ഥാനത്ത് വിപുലമായ ആഘോഷം; വൈകിട്ട് ശോഭായാത്ര
തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ നിറവിലാണ് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നിര്‍മ്മാല്യദര്‍ശനത്തോടെ അഷ്ടമിരോഹിണി ഉത്സവങ്ങള്‍ തുടങ്ങി. ഭക്തജനത്തിരക്കിനിടയില്‍ എല്ലാവര്‍ക്കും ദര്‍ശനം ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ അറിയിച്ചു. ഇന്ന് ഇരുനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂരില്‍ നടക്കും. വി.ഐ.പി.യും സ്‌പെഷ്യല്‍ ദര്‍ശനങ്ങളും നിയന്ത്രണ വിധേയമാക്കിയാണ് ഒരുക്കങ്ങള്‍. ഘോഷയാത്ര, നാടന്‍ കലാപ്രകടനങ്ങള്‍, വിവിധ പൂജകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ക്ഷേത്രം ഉത്സവാന്തരീക്ഷത്തിലാണ്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണി ആഘോഷങ്ങള്‍ വമ്പിച്ച രീതിയിലാണ്. രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സമൂഹസദ്യ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോടക്കരകളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്ഷേത്രത്തില്‍ എത്തും. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ പരമ്പരാഗത വിഭവങ്ങളോടെയാണ് സദ്യ ഒരുക്കിയിരിക്കുന്നത്. 501 പറ അരിയിലാണ് ചോറ് തയ്യാറാക്കിയിരിക്കുന്നത്. പള്ളിയോടങ്ങള്‍ക്ക് ക്ഷേത്രത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തും ഭക്തജനങ്ങള്‍ക്ക് തെക്കുഭാഗത്തുമാണ് സദ്യ വിളമ്പുന്നത്. സദ്യയ്ക്കാവശ്യമായ തൈര് ചേനപ്പാടിയില്‍നിന്ന് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ക്ഷേത്രങ്ങളിലുമുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ഭക്തിപൂര്‍ണമായി നടന്നു വരികയാണ്.