തിരുവനന്തപുരം: രാജ്യത്തെ മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും മികച്ച ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നത് കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണെന്ന് സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. ഒരു പൊതു ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബംഗളൂരു, മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങൾ നേരിടുന്ന ഗതാഗതക്കുരുക്ക്, വായു മലിനീകരണം, അമിതമായ ജീവിതച്ചെലവ് തുടങ്ങിയ പ്രശ്നങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് ശ്രീധർ വെമ്പു തിരുവനന്തപുരത്തെ പ്രശംസിച്ചത്. തനിക്ക് തിരുവനന്തപുരത്ത് വരാൻ വലിയ ഇഷ്ടമാണെന്നും, ഈ നഗരം ഇന്ത്യയിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള നഗരമായിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഇക്കാര്യം പുറത്ത് ഉച്ചത്തിൽ പറയാൻ എനിക്ക് പേടിയാണ്. കാരണം ഈ നന്മയ്ക്ക് ആരുടേയെങ്കിലും ദൃഷ്ടി തട്ടിയാലോ എന്നു ഞാൻ ഭയപ്പെടുന്നു," അദ്ദേഹം പറഞ്ഞു. ബംഗളൂരു, മുംബൈ, ചെന്നൈ നഗരങ്ങളിലെ സംരംഭകർ ജീവിത നിലവാരത്തെക്കുറിച്ച് പരാതി പറയുന്നവരാണെന്നും എന്നാൽ കേരളത്തിൽ ചില രഹസ്യക്കൂട്ടുകളുണ്ടെന്നും അവ കേരളത്തിലുടനീളം കാണാൻ കഴിയുമെന്നും അവ കാത്തുസൂക്ഷിക്കേണ്ടതാണെന്നും ശ്രീധർ വെമ്പു കൂട്ടിച്ചേർത്തു.