കാസർകോട്: ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ മാവുങ്കൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കെതിരെ കേസെടുത്ത് ഹൊസ്‌ദുർഗ് പോലീസ്. ജോലി സംബന്ധമായി ശകാരിച്ചതിലുള്ള പ്രതികാരമായാണ് ഈ പ്രവൃത്തി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡോ. ടി കെ ഷർമിനയുടെ പരാതിയിൽ, ജീവനക്കാരായ ജയകൃഷ്ണണൻ, ലാബ് ടെക്‌നിഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് നടപടി.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഡോ. ഷർമിനയുടെ പരിശോധനാമുറിയിലും അവിടെയുണ്ടായിരുന്ന ഉപകരണങ്ങളിലും നായ്ക്കുരണപ്പൊടി വിതറിയിരുന്നു. ഇത് കാരണം ഡോക്ടർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അവർ ഹൊസ്‌ദുർഗ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ജോലി സംബന്ധമായി ഡോക്ടർ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് നായ്ക്കുരണപ്പൊടി വിതറാൻ കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.