ഗുരുവായൂർ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂരപ്പന് സ്വർണകിരീടം സമർപ്പിച്ചു. ക്ഷേത്രത്തിൽ വഴിപാടായാണ് സ്വർണക്കിരീടം സമർപ്പിച്ചത്. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന 32 പവന്റെ സ്വർണ കിരീടമാണ് സമർപ്പിച്ചത്.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുർഗ സ്റ്റാലിൻ ഉച്ചയോടെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. സ്വർണക്കിരീടത്തിന് പുറമേ അരച്ചുകഴിഞ്ഞ ചന്ദനമുട്ടികളുടെ ബാക്കിവരുന്ന ചെറിയ കഷണങ്ങൾ അരയ്ക്കാനുള്ള ഒരു യന്ത്രവും ദുർഗ ക്ഷേത്രത്തിന് സമർപ്പിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ യന്ത്രത്തിന്റെ വില.

കോയമ്പത്തൂരിലുള്ള വ്യവസായി ശിവജ്ഞാനമാണ് സഹായത്തോടെയാണ് ദുർഗ സ്വർണകിരീടം സമർപ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തിൽനിന്ന് നേരത്തെ വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ മുൻപ് പല തവണ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്.

ഇതിനു പുറമെ ക്ഷേത്രത്തിൽ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും ഇവർ വഴിപാടായി സമർപ്പിച്ചു. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീനാണ് സമർപ്പിച്ചത്. ആയിരക്കണക്കിനു തേയ ചന്ദന മുട്ടികളാണു ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. ഇതിനു കോടികൾ വിലമതിക്കും. എന്നാൽ ദേവസ്വത്തിന് ഇതു വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. ഇത് വിൽക്കാനുള്ള അധികാരം വനംവകുപ്പിനു മാത്രമാണ്. കിലോയ്ക്ക് 17,000 രൂപ വനംവകുപ്പിൽ നിന്നു ദേവസ്വം വാങ്ങുന്ന ചന്ദനം തേയ ആയാൽ വനംവകുപ്പിനു തന്നെ തിരിച്ചു നൽകുമ്പോൾ കിലോയ്ക്ക് 1000 രൂപ മാത്രമാണു ലഭിക്കുക. ഇതു മൂലം വർഷങ്ങളായി ചന്ദന തേയ കെട്ടിക്കിടക്കുകയാണ്. തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്.