തിരുവനന്തപുരം: വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ജില്ലയില്‍ റൂസാ പദ്ധതിയില്‍പ്പെടുത്തിയാണ് മോഡല്‍ ഡിഗ്രി കോളേജ് 5 പുതിയ കോഴ്സുകളോടെ ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കും. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ 5 ഏക്കര്‍ ഭൂമിയിലാണ് കേളേജ് സ്ഥാപിക്കുക.

മാനേജിംഗ് ഡയറക്ടര്‍മാര്‍

കെല്‍-ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡില്‍ കെ. രാജീവനെയും ട്രാവന്‍കൂര്‍ സിമമെന്റ്സ് ലിമിറ്റഡില്‍ ജി. രാജശേഖരന്‍ പിള്ളയെയും മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.

കാനറ ബാങ്ക് ജനറല്‍ മാനേജറായി വിരമിച്ച എസ്. പ്രേംകുമാറിനെ കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി രണ്ട് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കും.

മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി ഡോ. സലില്‍ കുട്ടിയെ നിയമിക്കും.

സ്‌കൂള്‍ ഏറ്റെടുക്കും

കാസര്‍കോട് ഇടയിലക്കാട് എ എല്‍.പി.സ്‌കൂള്‍ മാനേജരുടെ അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ നിരുപാധികം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

കാലാവധി ദീര്‍ഘിപ്പിച്ചു

താനൂര്‍ ബോട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമ്മീഷന്‍ കാലാവധി 6 മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.

കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമ്മീഷന്‍ കാലാവധി 6 മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.

നഷ്ടപരിഹാരം

കടന്നല്‍ ആക്രമണത്തില്‍ മരണപ്പെട്ട ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്തെറിന്റെ ഭര്‍ത്താവ് ബാലകൃഷ്ണന് പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നല്‍കും.

സര്‍വ്വീസില്‍ നിലനിര്‍ത്തും

അപകടത്തെത്തുടര്‍ന്ന് 75 ശതമാനം ഭിന്നശേഷിത്വം സംഭവിച്ച ഹസ്ത വി.പിയെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിലനിര്‍ത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ ഒരു സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും.

കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസിലെ സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ സേവനം അനുഷ്ഠിച്ചുവരുന്ന എം.എ സതിയെ ശാരീരിക അവശത നേരിടുന്ന സാഹചര്യത്തില്‍ സൂപ്പര്‍ ന്യൂമററി സൃഷ്ടിച്ച് സര്‍വ്വീസില്‍ നിലനിര്‍ത്തും.