ആലപ്പുഴ: അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ആലപ്പുഴയില്‍ ഇന്ന് തിരിതെളിയും. സെന്റ് ജോസഫ് സ്‌കൂള്‍ അങ്കണത്തില്‍ വൈകിട്ട് അഞ്ചിന് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിയില്‍ മന്ത്രി വി.ശിവന്‍കുട്ടി മേളയ്ക്ക് തിരിതെളിക്കും. ഇട്ടി അച്യുതന്‍ വൈദ്യരുടെ ചേര്‍ത്തല കടക്കരപ്പള്ളിയിലെ സ്മൃതികുടീരത്തില്‍ നിന്ന് ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്ന പതാക ജാഥയും കാര്‍ഷികശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥന്റെ മങ്കൊമ്പിലെ തറവാട് വീട്ടില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി.പ്രിയ ഉദ്ഘാടനം ചെയ്യുന്ന ദീപശിഖാ റാലിയും ഇന്ന് വൈകിട്ട് 3.30ന് നഗരസഭ ശതാബ്ദി മന്ദിരത്തില്‍ എത്തിച്ചേരും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ശാസ്ത്രമേള സംഘാടകസമിതി ഏര്‍പ്പെടുത്തിയ എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ട്രോഫി വഹിച്ചുള്ള വാഹന ഘോഷയാത്രയും ശതാബ്ദി സ്മാരക മന്ദിരത്തില്‍ സംഗമിച്ചശേഷം വൈകിട്ട് 4 മണിയോടെ വിളംബര ഘോഷയാത്ര മന്ത്രി സജി ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികതാരങ്ങളും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്ത ജില്ലയിലെ കായിക താരങ്ങളും റോവിംഗ് താരങ്ങളും ഘോഷയാത്രയില്‍ പങ്കെടുക്കും.

മേളയുടെ ഉദ്ഘാടനം നാളെ വെകിട്ട് 4ന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍,പി. പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.