കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പേപ്പട്ടികടിച്ചു പതിനാല് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്‌ളാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്ന യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും പേപ്പട്ടി ഓടിച്ചു കടിച്ചത്.

കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഭീകരത സൃഷ്ടിച്ച പേപ്പട്ടിയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് തെരഞ്ഞുപോയപ്പോള്‍ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടും. ഇതില്‍ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാവിലെ മുതല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ രണ്ടു യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. വൈകിട്ടാണ് വ്യാപകമായ ഭീകരത അഴിച്ചുവിട്ടത്. 12 പേര്‍ക്കാണ് നിമിഷങ്ങള്‍ക്കുള്ളില്‍ കടിയേറ്റത്. റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന യാത്രക്കാരനായ രഘൂത്തമന്‍ പറഞ്ഞു. റെയില്‍വെ അധികൃതര്‍ ഈ കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ തെരുവുനായ ക്കളെ റെയില്‍വെ സ്റ്റേഷന്‍ അകത്തു കയറിയാല്‍ ഓടിച്ചു വിടാറുണ്ടെന്നാണ് റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നേരത്തെ റെയില്‍വെ സ്റ്റേഷന്‍പാര്‍സല്‍ സര്‍വീസിനടുത്തു വെച്ചു ഒരു പശുവിന് പേയിളകി യിരുന്നു. ഇതിനെ ദയാവധത്തിന് ഇരയാക്കുകയാണ് ചെയ്തത്.റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ പേപ്പട്ടി ശല്യത്തിന് പരിഹാരമുണ്ടാക്കേണ്ടത് കണ്ണൂര്‍ കോര്‍പറേഷന്‍ അധികൃതരാണെന്നാണ് റെയില്‍വെ അധികൃതരുടെ വാദം.