തിരുവനന്തപുരം: കിളിമാനൂർ ഗവ. എൽ.പി.എസിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. സ്കൂൾ വളപ്പിൽ വെച്ച് നാല് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചതിനെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ കടിയേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

കിളിമാനൂർ സ്വദേശി പ്രയാഗ് എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. കുട്ടിയെ ഓടിച്ച ശേഷം ദേഹത്ത് കയറി നായ്ക്കൾ ആക്രമിക്കുകയായിരുന്നു. സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികളാണ് ഓടിയെത്തി നായ്ക്കളെ ഓടിച്ച് വിട്ട് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ പിൻഭാഗത്താണ് കടിയേറ്റത്.

സംഭവത്തെത്തുടർന്ന് കുട്ടിയെ കേശവപുരം സർക്കാർ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിക്കുള്ള കുത്തിവയ്പ്പ് നൽകി. നേരത്തെയും ഈ സ്കൂൾ പരിസരത്ത് കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് പ്രശാന്ത് ആരോപിച്ചു. ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്.