പത്തനംതിട്ട: നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ തെരുവു നായയുടെ വിളയാട്ടം. ഓടി നടന്ന് ജനങ്ങളെ കടിച്ചു. പലയിടത്തായി നാലു പേരെ നായ കടിച്ചു. എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയെന്ന് സംശയം.

ശനിയാഴ്ച രാവിലെ എട്ടരയോടെ നഗരസഭാ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ആന്യം നായയുടെ ആക്രമണമുണ്ടായത്. അഭിദേവ് (17), സദാനന്ദൻ പിള്ള(65), അതുല്യ ഹരി (26) എന്നിവർക്കാണ് നഗരസഭാ ബസ് സ്റ്റാൻഡിന് സമീപം നായയുടെ കടിയേറ്റത്. പിന്നീട് അബാൻ ജങ്ഷനിൽ വച്ച് ബീഹാർ സ്വദേശിയായ ഋഷിദേവി(41)നും നായയുടെ കടിയേറ്റു. ഒരു നായ തന്നെയാണ് എല്ലാവരേയും അക്രമിച്ചതെന്നാണ് കരുതുന്നത്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കുറുക്കന്റ ആക്രമണം കാരണം നായകൾക്ക് പേ വിഷബാധ ഉണ്ടാകാൻ കാരണമാകുന്നതായി മൃഗ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ആളുകളെ ആക്രമിച്ച നായയെ പിടികൂടാൻ കഴിയാത്തതിനാൽ നഗരവാസികളും വ്യാപാരികളും ഭീതിയിലാണ്. കഴിഞ്ഞ ദിവസം ചെന്നീർക്കരയിൽ ഏഴു പേരെ കടിച്ച വളർത്തു നായയ്ക്ക് പിന്നീട് പേ വിഷബാധ സ്ഥിരീകരിക്കുകയുണ്ടായി.