കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരുവ് നായകൾ മനുഷ്യജീവൻ തന്നെ കവർന്നെടുക്കുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി സുപ്രീംകോടതി ബുധനാഴ്‌ച്ച പരിഗണിക്കും. ഹർജിയിൽ ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേൾക്കും.

തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയരാക്കാൻ അനുമതി വേണമെന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം. സമാന വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും നൽകിയ ഒരുകൂട്ടം ഹർജികൾക്ക് ഒപ്പമാണ് ഇതും പരിഗണിക്കുന്നത്. എന്നാൽ മിണ്ടാപ്രാണികളായ മൃഗങ്ങൾക്കെതിരെ കേരളത്തിൽ അതിക്രമം നടക്കുന്നുവെന്നും ഇത് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നുമാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

ഹർജിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കക്ഷി ചേർന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കെട്ടിനകത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ പതിനൊന്നു വയസുകാരൻ നിഹാൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിൽ നിന്നും കളിക്കുന്നതിനിടെ അതിദാരുണമായി കടിച്ചു കീറി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേർന്ന് തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാൻ തീരുമാനിച്ചത്.

ഇതിനുള്ള നിയമ തടസം നീക്കി കിട്ടുന്നതിനായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ മൃഗ സ്‌നേഹികളിൽ നിന്നും കടുത്ത എതിർപ്പുയർന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് സോഷ്യൽ മീഡിയയിലൂടെവധഭീഷണി തന്നെ ഉയരുകയുണ്ടായി. ഈ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.