- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പിൽ സീബ്രാലൈൻ മുറിച്ചു കടക്കവെ ബൈക്കിടിച്ചു വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു; വിദ്യാർത്ഥിനിയെ കണ്ടിട്ടും അതിവേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തം
പരിയാരം: കണ്ണൂർ- കാസർകോട് ദേശീയപാതയിലെ തളിപറമ്പിൽ സീബ്രാലൈൻ മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ച വിദ്യാർത്ഥിനിയെ ഗുരുതരാവസ്ഥിയിൽ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡിൽ ഇറങ്ങി സീബ്രാലൈനിലൂടെവിദ്യാർത്ഥിനി മുറിച്ചുകടക്കുമ്പോൾ അതിവേഗതയിൽ വന്ന ബൈക്കാണ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്.നരിക്കോട് സ്വദേശിനി പി.വി. അനന്യയ്ക്കാണ് പരുക്കേറ്റത്.
സീബ്രാലൈനിലൂടെ മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കണ്ടിട്ടും അതിവേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നു സി.സി.ടി.വി ക്യാമറാദൃശ്യത്തിൽ തെളിഞ്ഞിട്ടുണ്ട്. ബോധരഹിതയായ പെൺകുട്ടിക്ക് തളിപറമ്പ്ലൂർദ് ആശുപത്രിയിൽ പ്രവേശിക്കുകയും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തളിപറമ്പ് പൊലിസ് ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്.
ഗതാഗതകുരുക്കേറിയ തളിപറമ്പിൽ സീബ്രാലൈനിൽ പോലും കാൽനടയാത്രക്കാർക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നും ഇനിയെങ്കിലും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലിസ് തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഒരാഴ്‌ച്ചയ്ക്കുള്ളിൽ കണ്ണൂർ ജില്ലയിൽ വാഹനാപകടങ്ങളിൽ രണ്ടു കുട്ടികളാണ് മരിച്ചത്. മട്ടന്നൂരിൽ സ്‌കൂൾ ബസുകയറുന്നതിനിടെയാണ് ഏഴാം ക്ളാസ് വിദ്യാർത്ഥി അതിദാരുണമായി മരിച്ചത്. കൊളപ്പയിലായിരുന്നു എതിർദിശയിൽ വന്ന കെ. എസ്. ആർ. ടി.സി ബസിടിച്ച് അപകടമുണ്ടായത്.
ഇതിനു ശേഷം ശ്രീകണ്ഠാപുരത്ത് വീടിനടുത്തുള്ള സൊസൈറ്റിയിൽ പാൽവിതരണം നടത്താനായി പോയ പ്ളസ് വൺ വിദ്യാർത്ഥിയും ടിപ്പർലോറിയിടിച്ചുമരിച്ചു. അതിദാരുണമായ രണ്ടു മരണങ്ങൾ നടന്നിട്ടും മോട്ടോർവാഹനവകുപ്പ് അധികൃതർ നടപടിസ്വീകരിക്കുന്നില്ലെന്ന പരാതി ജനങ്ങൾക്കുണ്ട്. വാഹനങ്ങളുടെ പരക്കംപാച്ചിൽ റോഡിൽ തുടരുകയാണെന്നാണ് ജനങ്ങളുടെ പരാതി. കണ്ണൂർ ജില്ലയിലെ ഗതാഗതകുരുക്കുള്ള സ്ഥലങ്ങളിലൊന്നാണ് തളിപറമ്പ്. ഇവിടെ അനധികൃതപാർക്കിങും വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കലമടക്കമുള്ള പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും ഗുണം ചെയ്തിട്ടില്ല.
നഗരസഭയും ട്രാഫിക്ക് പൊലിസുമാണ് തളിപറമ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.മലയോരങ്ങളിൽ നിന്നടക്കം കെ. എസ്. ആർ.ടി.സി ഉൾപ്പെടെ നൂറുകണക്കിന് ബസുകൾ വന്നു പോകുന്ന തളിപറമ്പ് ബസ് സ്റ്റാഡിലും യാത്രക്കാർക്ക് ബസ്തട്ടി പരുക്കേൽക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടാഴ്‌ച്ച മുൻപ് സ്വകാര്യബസിടിച്ചു ഒരു യാത്രക്കാരിക്ക് പരുക്കേറ്റിരുന്നു.




