- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വേദനയോടെ കുടുംബം
ദുബായ്: ദീപാവലി ആഘോഷങ്ങൾക്കിടെ ദുബൈയിൽ മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മാവേലിക്കര സ്വദേശിയായ 18 വയസ്സുള്ള വൈഷ്ണവ് കൃഷ്ണകുമാർ ആണ് മരണപ്പെട്ടത്. ദുബൈ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ചൊവ്വാഴ്ച രാത്രി നടന്ന ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സംഭവം.
വി.ജി. കൃഷ്ണകുമാറിൻ്റെയും വിദു കൃഷ്ണകുമാറിൻ്റെയും മകനായ വൈഷ്ണവ്, ദുബൈയിൽ ബി.ബി.എ (മാർക്കറ്റിംഗ്) ബിരുദ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ആഘോഷങ്ങൾക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ വൈഷ്ണവിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബൈ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂളിൽ നിന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടി ഉന്നതവിജയം നേടിയ വൈഷ്ണവ്, പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ച അക്കാദമിക് പ്രകടനത്തെ തുടർന്ന് ഇദ്ദേഹത്തിന് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു.
മാർക്കറ്റിംഗ്, സംരംഭക വിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന വൈഷ്ണവ്, സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. സാമ്പത്തിക ഉപദേശങ്ങൾ, ലൈഫ് സ്റ്റൈൽ, മോട്ടിവേഷൻ, ദൈനംദിന വർക്കൗട്ടുകൾ എന്നിവ ഉൾപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരമായി വീഡിയോകൾ ചെയ്തിരുന്നു.