പത്തനംതിട്ട: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർത്ഥി ഒടുവിൽ അനുനയ ശ്രമത്തിനൊടുവിൽ താഴെയിറങ്ങി. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലാണ് നാടകീയ സംഭവങ്ങൾ അരങേറിയത്.

അഡ്മിനിസ്ട്രേറ്റർ നേരിട്ടെത്തി നൽകിയ ഉറപ്പിനൊടുവിലാണ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിൻ താഴെയിറങ്ങിയത്. അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്ന ആരോപണം പരിശോധിക്കാമെന്ന് അധിക‍ൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാണ് അശ്വിൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആരോപണം ഉയർത്തുന്നത്. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റു വിദ്യാർത്ഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തിയത്.

ഉറപ്പ് എഴുതി നൽകണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അനുകൂല തീരുമാനം ഉടൻ വന്നില്ലെങ്കിൽ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർത്ഥി നേതാക്കളും വ്യക്തമാക്കി.