കൊച്ചി: സംഘർഷത്തിന്റെ പേരിൽ അടച്ചിട്ട മഹാരാജാസ് കോളജ് തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച വിദ്യാർത്ഥി സംഘടനാ നേതാക്കൾ യോഗം ചേരും. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തിൽ കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പി.എ.അബ്ദുൽ നാസറിന് വെട്ടേറ്റിരുന്നു.

തുടർച്ചയായി ഉണ്ടാകുന്ന സംഘർഷങ്ങളെ തുടർന്ന് കോളജിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പിടിഎ ജനറൽ ബോഡിയോഗം തീരുമാനിച്ചു. വൈകുന്നേരം ആറിനുശേഷം വിദ്യാർത്ഥികൾക്ക് ക്യാന്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം.

സെക്യൂരിറ്റി സംവിധാനവും കർശനമാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ഐഡി കാർഡും നിർബന്ധമാക്കും തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോളജിലുണ്ടായ സംഘർഷത്തിൽ ഭിന്നശേഷിക്കാരനായ അദ്ധ്യാപകൻ കെ.എം.നിസാമുദീന് പരിക്കേറ്റിരുന്നു.

തുടർ നടപടികളുടെ ഭാഗമായി കോളജ് പ്രിൻസിപ്പൽ ഡോ.വി എസ്.ജോയിയെ പട്ടാന്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു.