അമ്പലപ്പുഴ: പുന്നപ്ര വാടയ്ക്കലിൽ മരുമകളുടെ മുൻ ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പ്രസന്ന (68) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4:30ഓടെ ആയിരുന്നു സംഭവം. മരുമകളുടെ മുൻ ഭർത്താവ് സുധിയപ്പൻ(41) വീട്ടിലെത്തി; തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇയാൾ പ്രസന്നയെയും മകൻ വിനീഷിനേയും കൈയിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.

പ്രസന്ന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുധിയപ്പനെതിരേ കൊലപാതക കുറ്റത്തിന് കേസെടുത്തു.