കൊല്ലം: കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത് കുടുംബ പ്രശ്‍നങ്ങളെ തുടർന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തിയത്. താര, മക്കളായ അനാമിക, ആത്മിക എന്നിവർക്കാണ് പൊള്ളലേറ്റത്. മൂന്ന് പേർക്കും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കരുനാ​ഗപ്പള്ളി ആദിനാട് വടക്കുള്ള വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണയൊഴിച്ച തീകൊളുത്തുകയായിരുന്നു. താരയുടെ ഭർത്താവ് പ്രവാസിയാണ്.

അച്ഛനോടൊപ്പമായിരുന്നു താര താമസിച്ചിരുന്നത്. അച്ഛൻ പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇന്ന് ഭർത്താവ് തിരികെ വരാനിരിക്കെയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്. കുടുംബപ്രശ്നമാണ് കാരണമെന്ന് നി​ഗമനത്തിലാണ് പൊലീസും നാട്ടുകാരും. കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നു. ഇതാവാം ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.