- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പാ കുടിശികയിൽ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്; പായസത്തിൽ അമിതമായി ഉറക്കഗുളിക ചേർത്ത് കഴിച്ചു; തൃശൂരിൽ ചികിത്സയിലിരിക്കെ 69 കാരി മരിച്ചു
തൃശൂർ: സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിന്റെ വിഷമത്തിൽ, ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നു പേരിൽ ഒരാൾ മരിച്ചു. തങ്കമണി (69) ആണ് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ചയാണ് തങ്കമണി, മകൾ ഭാഗ്യലക്ഷ്മി (46), ചെറുമകൻ അതുൽ കൃഷ്ണ (10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാതിക്കുടം മച്ചിങ്ങൽ ശ്രീവത്സനാണ് ഭാഗ്യലക്ഷ്മിയുടെ ഭർത്താവ്.
വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതോടെ 3 പേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻതന്നെ ശ്രീവത്സൻ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചു. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.
കാടുകുറ്റി സഹകരണ ബാങ്കിൽ നിന്ന് 2019ലാണ് കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. ജന്മനാ അസുഖങ്ങളുള്ള അതുൽകൃഷ്ണയുടെ ചികിത്സയ്ക്ക് വൻതുക വേണമായിരുന്നു. തുടർചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചിരുന്നു.




