- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ കയർ പൊട്ടി; 52കാരൻ വീണത് 80 അടി താഴ്ചയിലേക്ക്; ചെങ്കളത്തുകാരൻ സുലൈമാൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസർകോട്: ചെങ്കളയിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ മധ്യവയസ്‌കനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചെങ്കളയിലെ സുലൈമാന്റെ വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കുകയായിരുന്ന അബ്ദുൾ റഹ്മാൻ (52) ആണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ അപകടത്തിൽപ്പെട്ടത്. കിണറ്റിലെ വെള്ളത്തിലേക്ക് വീണതിനാൽ വലിയ പരിക്കുകളില്ലാതെ ഇദ്ദേഹം രക്ഷപ്പെട്ടു.
അബ്ദുൾ റഹ്മാൻ കിണറ്റിൽ വീണ ഉടൻതന്നെ പുറത്തുണ്ടായിരുന്ന മൂന്നുപേർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഗോകുൽ കൃഷ്ണനെ റിങ് നെറ്റിന്റെ സഹായത്തോടെ 80 അടി താഴ്ചയുള്ള കിണറ്റിലിറക്കി അബ്ദുൾ റഹ്മാനെ കരയ്‌ക്കെത്തിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടൻ സേനയുടെ ആംബുലൻസിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അബ്ദുൾ റഹ്മാനെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗോകുൽ കൃഷ്ണൻ, ഉമേഷൻ, അഭിലാഷ്, ഹോം ഗാർഡ് വിജിത്ത് നാഥ് സുഭാഷ്, സോബിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ എം, അജേഷ് കെ ആർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.


