ആലപ്പുഴ: അപകടത്തെ തുടർന്ന് കാലിനു പരിക്ക് പറ്റിയ തഴക്കര ഗ്രാമപഞ്ചായത്ത് കുന്നം മുറിയിൽ സുമ ആനന്ദൻ വീട്ടിലേക്ക് വഴി വേണമെന്ന പരാതിയുമായാണ് മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിന് എത്തിയത്. സ്റ്റേജിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് മനസിലാക്കിയ ജില്ല കളക്ടർ വി.ആർ കൃഷ്ണ തേജ വേദിയിൽ നിന്നിറങ്ങി സുമയ്ക്ക് സമീപം ചെന്നാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.

വിധവകളായ സുമയും ചേച്ചിയും ഒരു അഗതിയും നാലു കുട്ടികളും ചേരുന്ന കുടുംബം സ്വന്തം വീട്ടിലേക്ക് എത്താൻ റബർ തോട്ടത്തിലൂടെയും തോടിന്റെ വരമ്പിലൂടെയുമാണ് സഞ്ചരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തിയാകാത്ത അവസ്ഥയിലാണ്. വഴി ലഭിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന ഉറപ്പ് നൽകിയാണ് കളക്ടർ സുമയെ തിരികെ അയച്ചത്.