- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം വയസ്സ് മുതൽ ആശുപത്രി വീടാക്കിയ സുന്ദരൻ; കൂട്ടിരിക്കാൻ എപ്പോഴും കൂടെയുള്ള ദേവസിക്കുട്ടി; കാസർകോട്ടെ സുന്ദരനും ആലപ്പുഴയിലെ ദേവസിക്കുട്ടിയും വിളിച്ചു പറയുന്നു നന്മ വറ്റാത്ത മനസ്സുകൾ ഇന്നും ബാക്കിയുണ്ടെന്ന്
ആലപ്പുഴ:നന്മയുടേയും കാരുണ്യത്തിന്റേയും വെളിച്ചം ഇന്നും അവശേഷിക്കാതെ മനുഷ്യനൊപ്പം ചേർന്നുനിൽക്കുന്നു എന്നതിന് തെളിവാണ് സുന്ദരനും ദേവസിക്കുട്ടിയും.ആശുപത്രി വാസത്തിന്റെ നാളുകളുമായി കഴിഞ്ഞിരുന്ന ഓരോരുത്തർക്കും തങ്ങൾക്ക് ആ നാളുകളിൽ കരുതലിന്റെ കരങ്ങളായി മാറിയ ഒരു സുന്ദരനോ ദേവസിക്കുട്ടിയോ അവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാവാം.
ആശുപത്രി വീടാക്കിയ കാസർകോട്ടെ സുന്ദരൻ
കാസർകോട്: സുന്ദരന് കാസർകോട്ടെ ഗവ;ആശുപത്രിയാണ് അയാളുടെ വീട്.അവിടെയുള്ള അന്തേവാസികളും ജീവനക്കരുമാണ് സുന്ദരന്റെ ബന്ധുക്കൾ.അഡൂരിൽ വഴിയരികിൽ അപസ്മാരം ബാധിച്ച് അത്യാസന്ന നിലയിലായ 10 വയസ്സുകാരനെ 50 വർഷം മുൻപാണ് ആരോ കാസർകോട് ഗവ.ആശുപത്രിയിലെത്തിച്ചത്. 'സുന്ദരൻ' എന്നു പേരുള്ള ആ കുട്ടി ഇന്ന് ആശുപത്രിയിൽ വാർഡ് ബോയ് തസ്തികയിൽ താൽക്കാലിക ജീവനക്കാരനാണ്.ചികിത്സയും സംരക്ഷണവും വീടും തൊഴിലും എല്ലാം സുന്ദരന് ആശുപത്രി തന്നെയാണ്.
2008ൽ താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയതോടെയാണ് ആരോഗ്യ മന്ത്രിയായിരുന്ന പി.കെ. ശ്രീമതിയുടെ അനുമതിയോടെ സുന്ദരനെ ആശുപത്രി ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടിൽനിന്നു പ്രതിമാസം 1500 രൂപ നൽകും.ആശുപത്രിയിലെത്തുന്നവരിൽ സുന്ദരന്റെ ഒരു കൈ സഹായം കിട്ടാത്തവർ അപൂർവം.നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും സ്‌നേഹ പരിലാളനയോടെയാണ് സുന്ദരൻ ഇവിടെ കഴിയുന്നത്. ഇടയ്ക്കിടെ അപസ്മാരം വരും.അപ്പോഴെല്ലാം മരുന്നു നൽകും.
ആശുപത്രിയിൽ തന്നെയാണ് സുന്ദരന്റെ കിടപ്പും.വാർഡിലെ ഒഴിഞ്ഞ കിടക്കയിലോ നിലത്തോ ആണ് അന്തിയുറങ്ങുന്നത്.വ്യക്തമായ സംസാര ശേഷി ഇല്ലെങ്കിലും നഴ്‌സുമാർക്കും ഡോക്ടർമാർക്കും സുന്ദരൻ പറയുന്നതു മനസ്സിലാകും.ആശുപത്രിയുടെ ഏതു ഭാഗത്തും സുന്ദരന്റെ കണ്ണുണ്ടാകും.ഡോക്ടർമാരുടെ വാർഡ് റൗണ്ട്‌സിൽ കൂടെയുണ്ടാകും. ഡയറ്റ് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ബന്ധപ്പെട്ട സെക്ഷനിൽ കൊണ്ടു പോകുക, രോഗികൾക്കു ഭക്ഷണം നൽകുന്ന ജീവനക്കാരുടെ സഹായിയായി പോകുക തുടങ്ങിയവയെല്ലാം സുന്ദരൻ തന്നെ ഏറ്റെടുത്ത് ചെയ്യും.
ആരോരുമില്ലാത്തവർക്ക് കൂട്ടായി ദേവസിക്കുട്ടി
ആലപ്പുഴ:നല്ലകാലത്ത് ചെയ്യാത്തത് പിന്നെ എപ്പോഴാടാ എന്ന് ചോദിക്കുന്നവർക്ക് ഒരു മറുപടിയാണ് ആലപ്പുഴയിലെ ദേവസിക്കുട്ടി എന്ന വയോധികൻ.ആളുകൾക്ക് നന്മ ചെയ്യാൻ പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച കരുണയുള്ള മനസ്സിന്റെ ഉടമ.കൂട്ടിരിക്കാൻ ആളില്ലാത്ത കിടക്കകളുണ്ട്, ആലപ്പുഴ മെഡിക്കൽ കോളജിലെ പല വാർഡിലും.പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ തളർന്നുകിടക്കുന്നവർ, വേദനകളോട് ഒറ്റയ്ക്കു പൊരുതുന്നവർ... അവർക്കു കൂട്ടിരിക്കാനെത്തുന്നതാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി വെളിംപറമ്പിൽ വീട്ടിൽ ദേവസിക്കുട്ടിയുടെ പ്രധാനജോലി.അവർക്കു ഭക്ഷണം നൽകുകയും പരിചരിക്കുകയും ചെയ്യുന്നതിനൊപ്പം വേഗം സുഖമാകുമെന്ന പ്രതീക്ഷയും നൽകും.32 വർഷമായി മുടക്കമില്ലാത്ത ജോലിയാണ് ദേവസിക്കുട്ടിക്കത്.
'67 വയസ്സുണ്ട് എനിക്ക്. ധാരാളിത്തത്തോടെ ജീവിച്ചിരുന്ന സമയമുണ്ടായിരുന്നു. ദുഃശീലങ്ങളിൽപെട്ടു നശിച്ചുപോയ പഴയ കാലം. അതിൽനിന്ന് എന്നെ മാറ്റിയത് ഈശ്വരവിശ്വാസമാണ്. രാവിലെ മുതൽ ഓരോ വാർഡിലും കയറും. വീട്ടിൽനിന്നു കാച്ചിയ പാലും ബ്രഡും കൊണ്ടുവരും. അതു കാത്തിരിക്കുന്ന, ആരും സഹായത്തിനില്ലാത്ത ആളുകളുണ്ട് ഇവിടെ. ഒന്നും എന്റെ മിടുക്കല്ല. പലരും സഹായിക്കുന്നുണ്ട്. ദൈവസഹായവും' പുഞ്ചിരിയോടെയാണ് ദേവസിക്കുട്ടി ഇത് പറയുന്നത്.
രോഗികൾക്കായി പൂങ്കാവിലെ വീട്ടിലും ദേവസിക്കുട്ടി 4 കിടക്കകൾ ഒരുക്കിയിട്ടുണ്ട്.ആശുപത്രിയിൽ നിന്നു കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലാത്തവർക്ക് താൽക്കാലിക അഭയ കേന്ദ്രമെന്ന നിലയിൽ അവിടെ അന്തിയുറങ്ങാം. അവിടെ എത്തുന്നവരെ ദേവസിക്കുട്ടിയുടെ ഭാര്യ മറിയാമ്മയാണ് നോക്കുന്നത്.മകൻ ഷാജിയും മരുമകൾ ലിസിയും പത്താം ക്ലാസുകാരി കൊച്ചുമകൾ ഗ്ലോറിയയും സഹായത്തിനെത്തുന്നതും പതിവാണ്.




