കണ്ണൂര്‍ : പേരാവൂര്‍ മണ്ഡലത്തിലെ ചാവശ്ശേരി റോഡ് ഉദ്ഘാടനത്തിന് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റാനാണ് പോയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.എം വി ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിര്‍മിക്കുന്ന റോഡാണെങ്കില്‍ താന്‍ പോകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി ഫണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാണ് അറിയിച്ചത്. എല്ലാ എംഎല്‍എമാരും ആവശ്യപ്പെട്ടത് അതിനുസരിച്ച് കാക്കയങ്ങാട്-പാലപ്പുഴ റോഡിന് 5.75 കോടിയും ചാവശ്ശേരി റോഡിന് ഒന്നേകാല്‍ കോടിയും നവീകരണത്തിന് താന്‍ ആവശ്യപ്പെടുകയും ആ തുക അതേപടി പാസാക്കി ലഭിക്കുകയും ചെയ്തു. ഈ വര്‍ഷം സെപ്റ്റംമ്പര്‍ 19നാണ് ഈ റോഡിന് ഭരണാനുമതി ലഭിച്ചത്. 2024ല്‍ റോഡിന് ഭരണാനുമതി ലഭിച്ചെന്ന സിപിഎം വാദം അടിസ്ഥാന രഹിതമാണ്. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന പണിയാണ് സിപിഎം ചെയ്യിപ്പിക്കുന്നത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഈ റോഡ് നിര്‍മ്മിച്ചത്. ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങള്‍ തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് റോഡിന്റെ ഉദ്ഘാടനത്തിനെത്തിയത്. അത് മനസിലാക്കാന്‍ എം വി ജയരാജന് കഴിയുന്നില്ലെങ്കില്‍ തനിക്ക് സഹതാപം മാത്രമാണുള്ളത്.

സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ ഭാഗമാകാന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടികള്‍ ചെലവാക്കി നവകേരള സദസ്സ് സംഘടിപ്പിച്ച് എന്തു വികസനമാണ് നടപ്പാക്കിയത്. നവകേരളസദസ്സെന്ന മല പ്രസവിച്ച എലിയാണ് ഒരു മണ്ഡലത്തില്‍ ഏഴു കോടിയുടെ വികസനം. ഇതിന് കൊട്ടിഘോഷിച്ച് നവകേരള സദസ് നടത്തണമായിരുന്നോ ?

പേരാവൂരിന്റെ വികസനത്തിന് ആവശ്യമായ 18 വികസന പദ്ധതികള്‍ക്കുള്ള ശുപാര്‍ശ നവകേരള സദസ്സ് തുടങ്ങുന്നതിന് മുന്‍പ് തന്നെ താന്‍ മുഖ്യമന്ത്രിക്ക് നല്‍കി. എന്നാല്‍ ഇവയ്ക്ക് പൈസയില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്. കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളില്‍ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും പങ്കെടുക്കില്ലെ? കേന്ദ്രഫണ്ടും ജനങ്ങളുടെ നികുതിയാണ്. അതില്‍ സിപിഎമ്മിന് എതിരഭിപ്രായമുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു.

വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത അതിരൂക്ഷം കണ്ണൂര്‍ ജില്ലയിലാണ്. വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലും ജില്ലാ കളക്ടറോടും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയില്‍ രാഷ്ട്രീയ ഇടപെടല്‍ കളക്ടര്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അതിന് പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി എന്നിവരും പങ്കെടുത്തു.