തിരുവനന്തപുരം: വിഷു, ഈസ്റ്റര്‍ ഉത്സവകാലത്തോടനുബന്ധിച്ച് വിലക്കുറവും പ്രത്യേക ഓഫറുകളുമായി സപ്ലൈകോ ഫെയറുകള്‍ സംഘടിപ്പിക്കുന്നു. 13 ഇന സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ നാല്‍പതിലധികം സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളുമാണ് നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയറുകള്‍ നടക്കും. വിഷു-ഈസ്റ്റര്‍ ഫെയര്‍ നാളെ ആരംഭിച്ച് 19ന് അവസാനിക്കും. ഏപ്രില്‍ 14 വിഷു ദിനവും, ഏപ്രില്‍ 18 ദുഃഖവെള്ളി ദിനവും ഒഴികെ, മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

പതിമൂന്നിന സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമേ, 40 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും വിഷു-ഈസ്റ്റര്‍ ഫെയറില്‍ ലഭ്യമായിരിക്കും. ആലുവ സൂപ്പര്‍മാര്‍ക്കറ്റ്, തൃപ്പൂണിത്തുറ ലാഭം സൂപ്പര്‍മാര്‍ക്കറ്റ്, പെരുമ്പാവൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, മൂവാറ്റുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, കോതമംഗലം സൂപ്പര്‍മാര്‍ക്കറ്റ്, കൊച്ചി താലൂക്കിലെ ചുള്ളിക്കല്‍ പീപ്പിള്‍സ് ബസാര്‍, നോര്‍ത്ത് പറവൂര്‍ പീപ്പിള്‍സ് ബസാര്‍ എന്നിവയാണ് എറണാകുളം ജില്ലയിലെ വിഷു- ഈസ്റ്റര്‍ ഫെയറുകള്‍ ആയി പ്രവര്‍ത്തിക്കുക.

സപ്ലൈകോ വിഷു - ഈസ്റ്റര്‍ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, നഗരസഭ കൗണ്‍സിലര്‍ എസ്. ജാനകി അമ്മാള്‍, സപ്ലൈകോ ചെയര്‍മാന്‍ പി ബി നൂഹ്, മാനേജിങ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.