ന്യൂഡൽഹി: വന്ദേഭാരത് എക്സ്‌പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

സ്റ്റോപ്പ് അനുവദിക്കുന്നത് നയപരമായ തീരുമാനമാണ്. ഹർജിക്കാരൻ ആവശ്യപ്പെടുന്നത് വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാണ്. നാളെ മറ്റാരെങ്കിലും രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാൽ കോടതിക്ക് എന്തുചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

തിരൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ച് തിരൂർ സ്വദേശി പി.ടി. ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയിൽവേ പുറത്തിറക്കിയ ആദ്യ ടൈം ടേബിൾ പ്രകാരം വന്ദേഭാരത് എക്സ്‌പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു.

എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്‌തെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു ശങ്കർ എന്നിവരാണ് ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.